കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ വിനയൻ. സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണം എന്നാണ് ആവശ്യം. തൊഴിൽ നിഷേധത്തിന് കോമ്പറ്റീഷൻ കമ്മീഷൻ പിഴയിട്ട വ്യക്തിയെ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന് വിനയൻ പറഞ്ഞു. അതിനിടെ, സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി ബി ഉണ്ണികൃഷ്ണനും പ്രതികരിച്ചു. നയരൂപീകരണ സമിതിയിൽ ഉണ്ണികൃഷ്ണന്റെ പേര് ഉൾപ്പെട്ടതിൽ വിനയൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉണ്ണികൃഷ്ണന്റെ നീക്കം.
അമ്മയുടെ പ്രവർത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാൻ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങൾ സമീപിച്ചതായി ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയിൽ അഫിലിയേഷൻ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഫെഫ്കയ്ക്ക് ഇത് സാധ്യമല്ലെന്ന കാര്യം അവരെ അറിയിച്ചതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു. തുടര്‍ന്ന് താര സംഘടനയായ അമ്മയില്‍ ചേരിതിരിവ് രൂക്ഷമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.
അമ്മ ചാരിറ്റബിള്‍ സോസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്. അതില്‍ നിന്ന് ഒരു വിഭാഗം അതിനെ തൊഴിലാളി സംഘടനയായി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ പുറത്ത് എത്തുന്നത്. നേരത്തെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കം എക്സിക്യൂട്ടീവിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചിരുന്നു. എന്നാല്‍ ചില അംഗങ്ങള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്ത് എത്തിയിരുന്നു.
അതേ സമയം അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു. അമ്മ ചാരിറ്റബിൾ പ്രസ്ഥാനമായി തന്നെ തുടരും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

