നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്നെ ആരോ ബോധപൂർവം അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണമാണ് എലിസബത്ത് ഉന്നയിക്കുന്നത്. കാറില്‍ യാത്രചെയ്യവേ മറ്റൊരാള്‍ തന്റെ വാഹനത്തില്‍ മൂന്നുതവണ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എലിസബത്തിന്റെ ആരോപണം. അതേസമയം, താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും അവര്‍ പുതിയ യൂട്യൂബ് വീഡിയോയില്‍ വ്യക്തമാക്കി.
‘സേഫ് ആണോയെന്ന് പലരും ചോദിച്ചിരുന്നു. ഇതുവരെ സേഫ് ആണെന്ന് മറുപടി നല്‍കിയിരുന്നു. അത്രയേ പറയാന്‍ പറ്റുകയുള്ളൂ. അടുത്തത് എന്താ സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല’, എന്ന മുഖവുരയോടെയാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്. തനിക്കും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും അവര്‍ ആരോപിച്ചു.
‘ഇതുമായി ബന്ധമുണ്ടോ ഇല്ലയോ എന്നറിയില്ല. ഇന്ന് വണ്ടിയില്‍ വരുന്നവഴി ഞങ്ങളുടെ കാറില്‍വന്ന് ഇടിച്ചു. ഒരുതവണ ഇടിച്ചാല്‍ അറിയാതെ ഇടിച്ചു എന്ന് വിചാരിക്കാം. അയാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും വന്നിടിച്ചു. അയാള്‍ മൂന്നാമത്തെ തവണയും വന്നിടിച്ചു. ഇടിക്കുന്നത് ക്ലോസ് റേഞ്ചില്‍ ആയതുകാരണവും ഇടിക്കുന്നത് ചെറിയ വണ്ടി ആയതുകൊണ്ടും അയാളുടെ ബംപര്‍ ഞങ്ങളുടെ ടയറില്‍ വന്ന് ഇരിക്കുന്നതുകൊണ്ടും ഞങ്ങളുടെ വണ്ടിക്ക് വലിയ എഫക്ട് ഒന്നും ഉണ്ടായിട്ടില്ല. ഒന്നുകില്‍ അയാള്‍ ബോധം ഇല്ലാതെയാണ് ഓടിക്കുന്നത്. അല്ലെങ്കില്‍ അതൊരു ഭീഷണി തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെയൊക്കെ സംഭവങ്ങള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട്’, അവര്‍ പറഞ്ഞു.
‘എല്ലാവരും അന്വേഷിച്ചതിന് നന്ദിയുണ്ട്. ഞാന്‍ ഇപ്പോള്‍ സേഫ് ആയി ഇരിക്കുന്നു. എന്റെ വീഡിയോയ്ക്ക് റിയാക്ട് ചെയ്തതില്‍ കുറേപ്പേര്‍ക്ക് ഭീഷണികളും കോപ്പിറൈറ്റ് സ്ട്രൈക്കും കിട്ടിയെന്ന് ഞാന്‍ അറിഞ്ഞു. സഹായിക്കാന്‍ വന്നിട്ട് നിങ്ങള്‍ക്ക് അങ്ങനെ വന്നതില്‍ സോറി പറയണം എന്ന് എനിക്ക് തോന്നി’, എലിസബത്ത് പറഞ്ഞു.
‘നീതി കിട്ടും എന്ന് ഉറപ്പായിട്ടല്ല ഞാന്‍ വീഡിയോ ഇടുന്നത്. ഞാന്‍ ചത്താലും എനിക്ക് നടന്ന കാര്യങ്ങള്‍, എനിക്ക് അറിയുന്ന കാര്യങ്ങള്‍, കുറേ ഒഫന്‍സുകള്‍, ക്രിമിനല്‍ സംഭവങ്ങള്‍, എന്റെ മുമ്പില്‍ നടന്നതും ചെയ്യാന്‍ പ്ലാന്‍ ഇട്ടതുമായ കാര്യങ്ങള്‍, പല ആളുകളേയും ചതിച്ച കാര്യങ്ങള്‍, കണ്ടിട്ടും കേട്ടിട്ടുമുള്ള കാര്യങ്ങള്‍ അറിയിക്കണം എന്നതാണ് എന്റെ ഉദ്ദേശം. സ്ത്രീകളും പുരുഷന്മാരും ആരായാലും ഇനിയും അതില്‍ പോയി പെടാതിരിക്കാന്‍ ആണ് പറയുന്നത്. സിനിമയുടെ ചാന്‍സ് ചോദിക്കാന്‍ പോയാല്‍ കാല്‍ തിരുമിപ്പിക്കുന്ന പരിപാടി പോലുള്ളവയില്‍ പോയി പെടരുത് എന്ന് ആഗ്രഹിച്ചിട്ടാണ് വീഡിയോ ചെയ്യുന്നത്’, എലിസബത്ത് കൂട്ടിച്ചേര്‍ത്തു.
