കൊച്ചി: കേവലം പരാതിയുടെ പേരില്‍ മാത്രം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ച പരാതികളില്‍ അന്വേഷണം എട്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് തുടര്‍നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
മലപ്പുറം സ്വദേശി പി. മൊയ്തീന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് കോടതിയുടെ നടപടി. ഇതുള്‍പ്പെടെ നൂറോളം ഹരജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഹരജികള്‍ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഏതെങ്കിലും ഒരു ഇടപാട് നടന്നതുമായി ബന്ധപ്പെട്ടാവും പരാതി ഉയര്‍ന്നത്. ആ തുക മാത്രമേ മരവിപ്പിക്കാന്‍ പാടുള്ളൂ. നിശ്ചിത സമയത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ആ തുകയും വിട്ടുകൊടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ (എന്‍.സി.സി.ആര്‍.പി) പരാതി രജിസ്റ്റര്‍ചെയ്തതിന്റെ പേരില്‍ അക്കൗണ്ട് മരവിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പി. മൊയ്തീന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ കേസില്‍ കെ.എസ്.എഫ്.ഇ ചിട്ടി ലഭിച്ചതിന്റെ തുക ബാങ്കിലേക്ക് എത്തിയതിന്റെ തുടര്‍ച്ചയായി അക്കൗണ്ട് മരവിപ്പിച്ചു. ഗുജറാത്ത് സൈബര്‍ ക്രൈം സെല്ലിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു ഹര്‍ജിക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ഗുജറാത്ത് സൈബര്‍ സെല്ലിന് പരാതി നല്‍കിയെങ്കിലും അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈബര്‍ പരാതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ വ്യാപകമായി മരവിപ്പിക്കുന്നതായി പരക്കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
