ന്യൂഡൽഹി∙ അനിൽ അംബാനിയുടെയും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും (ആർകോം) പേരിലുള്ള വായ്പാ അക്കൗണ്ടുകൾ ‘ഫ്രോഡ്’ വിഭാഗത്തിലേക്ക് മാറ്റി ബാങ്ക് ഓഫ് ബറോഡ.
അനിൽ അംബാനിയുടെ സ്ഥാപനങ്ങൾ ഉൾപ്പെട്ട വായ്പാ തട്ടിപ്പ് സംബന്ധിച്ച് ഇഡി അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി റിലയൻസ് ഹൗസിങ് ഫിനാൻസ്, ആർകോം, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നീ കമ്പനികൾ എടുത്ത വായ്പകൾ സംബന്ധിച്ച് 13 ബാങ്കുകളിൽ നിന്നായി വിശദാംശങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് ബാങ്ക നടപടപി. 17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്.
അനിൽ അംബാനിയെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നേരത്തേ നീക്കം ചെയ്തിരുന്നു. ഇന്ത്യയിലെ നവി മുംബൈ ആസ്ഥാനമായുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. 2019 ജൂൺ മുതൽ കമ്പനിയെ കോർപറേറ്റ് പാപ്പരത്ത ലിസ്റ്റിലാക്കി. നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ നിയമിച്ച റെസലൂഷൻ പ്രഫഷനലാണ് ഇപ്പോൾ ബിസിനസും ആസ്തികളും കൈകാര്യം ചെയ്യുന്നത്. എസ്‌ബിഐയും, ബാങ്ക് ഓഫ് ഇന്ത്യയും ആർകോമിന്റെ വായ്പാ അക്കൗണ്ടുകൾ ഫ്രോഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും നൽകിയ വെളിപ്പെടുത്തലിൽ, ആർകോമിന്റെയും അംബാനിയുടെയും വായ്പാ അക്കൗണ്ടുകൾ തട്ടിപ്പായി പ്രഖ്യാപിക്കാൻ ബാങ്ക് തീരുമാനിച്ചതായി പ്രസ്താവിക്കുന്ന ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 2025 സെപ്റ്റംബർ 2 ന് ഒരു കത്ത് ലഭിച്ചതായി ആർകോം പറഞ്ഞു. റെഗുലേറ്ററി ആവശ്യകതകൾക്ക് അനുസൃതമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും മറ്റ് അധികാരികൾക്കും ഈ വിഷയം റിപ്പോർട്ട് ചെയ്യുമെന്നും ബാങ്ക് അറിയിച്ചു.”
