ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിർത്തിവെക്കുമെന്ന് സൂചന. അതിർത്തിയിൽ സംഘർഷങ്ങൾ തുടരുന്നതിനാൽ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച പഞ്ചാബ്-ഡല്‍ഹി മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തരയോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചായിരിക്കും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയിലാണ് ഉപേക്ഷിച്ചത്. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പ്രതികരിച്ചത്.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിന്റെ ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെയാണ് മത്സരം തടസ്സപ്പെട്ടത്.
അതേസമയം, ഇന്ത്യ-പാക് സംഘർഷം വർധിക്കുകയാണ്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണശ്രമം. വ്യോമതാവളങ്ങൾ, ജയ്സാൽമീർ സൈനിക ആസ്ഥാനം, ശ്രീനഗർ, ജമ്മു വിമാനത്താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. എന്നാൽ, ഇന്ത്യ ശക്തമായി തിരിച്ചടിച്ചു മുന്നേറിയെന്നാണ് റിപ്പോർട്ടുകൾ.
