തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ ദേശീയ ഗെയിംസ് ബീച്ച് ഹാൻഡ്ബാൾ വെള്ളി മെഡൽ ജേതാക്കളുടെ പ്രതിഷേധം. ദേശീയ ഗെയിംസ് ബീച്ച് ഹാൻഡ്ബാളിൽ കേരളം ഹരിയാനയുമായി ഒത്തുകളിച്ച് വെള്ളിമെഡൽ നേടുകയായിരുന്നെന്ന കായികമന്ത്രി വി. അബ്ദുറഹ്മാന്‍റെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം. ഒരാഴ്ചക്കുള്ളിൽ മന്ത്രി പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിലെറിയുമെന്ന് ബീച്ച് ഹാൻഡ്ബാൾ വനിത താരങ്ങൾ പറഞ്ഞു. ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പിന് സർക്കാർ യഥാസമയം പണം അനുവദിക്കാത്തതിനാൽ ക്യാമ്പ് നടന്നത് മൂന്നു ദിവസം മാത്രമാണെന്നും ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും കഷ്ടപ്പെട്ട് വെള്ളിമെഡൽ നേടിയിട്ടുപോലും ഒരുവിലയും സർക്കാർ തരാത്തത് സഹിക്കാൻ കഴിയുന്നതല്ലെന്നും താരങ്ങൾ പറഞ്ഞു.
ഇന്നലെ രാവിലെയാണ് ടീമിലെ ഒമ്പത് അംഗങ്ങളും ടീം മാനേജർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അസോസിയേഷൻ പ്രതിനിധികളടക്കമുള്ളവർ ദേശീയ ഗെയിംസ് ട്രോഫിയും മെഡലുകളുമായി സ്പോർട്സ് കൗൺസിലിന് മുന്നിലെത്തിയത്. ഇതോടെ, കൗൺസിലിന്‍റെ മുഖ്യകവാടം സുരക്ഷ ജീവനക്കാർ താഴിട്ടുപൂട്ടി. തുടർന്ന്, കവാടം താരങ്ങൾ ഉപരോധിച്ചു.
സെലക്ഷൻ ട്രയൽസിനായി ഹാൻഡ്ബാൾ പോസ്റ്റ് പോലും സ്പോർട്സ് കൗൺസിൽ അനുവദിച്ചില്ലെന്ന് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ബർണാഡ് ആരോപിച്ചു. മൂന്നു തവണയായി ദേശീയ ഗെയിംസിൽ കേരളം വെള്ളിമെഡൽ ജേതാക്കളാണെന്നും അവരെ അംഗീകരിക്കാതെ താഴ്ത്തിക്കെട്ടുന്നത് നാണക്കേടാണെന്നും ടീം മാനേജർ റൂബിന ഹുസൈൻ ആരോപിച്ചു. മന്ത്രി പരാമർശം പിൻവലിക്കാൻ തയാറായില്ലെങ്കിൽ പരിശീലനം നടത്തിയ ശംഖുംമുഖത്തെ കടപ്പുറത്ത് മെഡൽ ഉപേക്ഷിക്കുമെന്ന് താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഒത്തുകളി പരാമർശത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കേരള ഒളിമ്പിക് അസോസിയേഷൻ. മന്ത്രിക്കെതിരെ എന്തുനിലപാട് സ്വീകരിക്കണമെന്ന് ചർച്ചചെയ്യുന്നതിനായി വെള്ളിയാഴ്ച എക്സിക്യൂട്ടിവ് കൗൺസിൽ ചേരും. അസോസിയേഷനുകൾക്ക് സർക്കാർ നൽകിയ പണം ഒരുവിഭാഗം പുട്ടടിച്ചെന്ന പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി. സുനിൽകുമാർ അറിയിച്ചിരുന്നു,
