2025 നവംബര്‍ ഒന്നിന് മുമ്പ് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും

കാസർകോഡ് :2025 നവംബര്‍ ഒന്നിന് മുമ്പ് കേരളം അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിന്നോക്കക്ഷേമം, ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ നീതി ആയോഗ് കണക്കുപ്രകാരം 0.5 ശതമാനമാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രസ്ഥാനമാണ് കുടുംബശ്രീ. സംസ്ഥാനത്ത് വായ്പാ തിരിച്ചടവ് വിജയകരമായി പൂര്‍ത്തീകരിക്കാറുള്ള പ്രസ്ഥാനമായ കുടുംബശ്രീക്ക് സമൂഹത്തില്‍ നടക്കുന്ന അനീതിക്കെതിരെ പ്രവര്‍ത്തിക്കാനും സാധിക്കും. 800 കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പുല്ലൂര്‍ പെരിയ കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ചിട്ടുള്ള മൈക്രോ ക്രെഡിറ്റ് തുകയായ മൂന്ന് കോടി രൂപ നല്ല രീതിയില്‍ വിനിയോഗിച്ചാല്‍ അധികമായി 2 കോടി രൂപ കൂടി അനുവദിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ സ്വയംതൊഴില്‍ വായ്പാ വിതരണം നിര്‍വ്വഹിച്ചു. കെ.എസ്.ബി.സി.ഡി.സി കാഞ്ഞങ്ങാട് ഉപജില്ലാ മാനേജര്‍ എന്‍.എം.മോഹനന്‍ വായ്പാ പദ്ധതി തിരിച്ചടവ് വിശദീകരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് അംഗം രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.ദേവിദാസ് സ്വാഗതവും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.വി.സുനിത നന്ദിയും പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: