സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം ചുമതല ഏറ്റു. പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പട്ടത്തെ പി എസ് സ്മാരകത്തിലെത്തിയാണ് ബിനോയ് വിശ്വം സെക്രട്ടറിയുടെ ചുമതല ഏറ്റത്. കഴിഞ്ഞ ദിവസം പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലുണ്ടായ തീരുമാനപ്രകാരമാണ് ബിനോയ് ചുമതല ഏറ്റെടുത്തത്.
നിലവിൽ പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും, എഐടിയുസി വർക്കിങ് പ്രസിഡന്റും രാജ്യസഭാ അംഗവുമാണ്. സിപിഐ മുഖപത്രമായ ന്യൂഏജ് പത്രാധിപരുമാണ്.ജനയുഗം ദിനപത്രം, ട്രേഡ് യൂണിയൻ മാസിക എന്നിവയുടെ പത്രാധിപരായിരുന്നു ബിനോയ് വിശ്വം. ബിനോയ് വിശ്വം ചുമതല ഏറ്റ ചടങ്ങിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, പാർട്ടി സംസ്ഥാന അസി. സെക്രട്ടറി പി പി സുനീറും, ഓഫീസ് ജീവനക്കാരും പങ്കെടുത്തു.
