അഭിനയ മികവിനുള്ള അന്തർദേശീയ പുരസ്കാരത്തിന് അർഹനായി ടൊവിനോ തോമസ്. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൻറെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇന്ത്യയിൽ നിന്ന് മറ്റൊരു നടൻ മാത്രമാണ് മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനിൽ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബർ കൂടിയായ ഭുവൻ ബാം ആയിരുന്നു അത്. തെന്നിന്ത്യയിൽ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ മഹത്വം. മരിച്ച് വീണുപോകുന്ന ഓരോ തവണയും ഉയർത്തെഴുന്നേൽക്കുന്നതിലാണ്. 2018 ൽ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീഴാൻ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യൻ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡ്സിന് നന്ദി. ഇത് എപ്പോഴും എൻറെ ഹൃദയത്തോട് ചേർന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്, പുരസ്കാരനേട്ടത്തിൻറെ സന്തോഷം സോഷ്യൽ മീഡിയയിൽ ടൊവിനോ ഇങ്ങനെ പങ്കുവച്ചു.
ഏഷ്യയിലെ മികച്ച നടൻ; പുരസ്കാര നേട്ടത്തിൽ ടൊവിനോ, ഒരു തെന്നിന്ത്യൻ
താരത്തിന് ഇതാദ്യം
