പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം; രോഹിത്തിന് അർധ സെഞ്ച്വറി, പാകിസ്ഥാനെതിരായ എട്ടാം ഏകദിന ലോകകപ്പിലും വിജയം ഇന്ത്യയ്ക്കൊപ്പം

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ വീണ്ടും പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഒരിക്കല്‍ പോലും പാകിസ്ഥാന് ജയിക്കാനായിട്ടില്ല. 

അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങുന്നത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, മുഹമമദ് സിറാജ് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. മോശമല്ലാത്ത തുടക്കമായിരുന്നു പാകിസ്ഥാന്‍. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് (20)  ഇമാം ഉള്‍ ഹഖ് (36) സഖ്യം 41 റണ്‍സ് ചേര്‍ത്തു. ഷെഫീഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിചേര്‍ത്ത് ഇമാമും മടങ്ങി. ഹാര്‍ദിക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസം – റിസ്വാന്‍ സഖ്യമാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 82 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ ബാബര്‍ മടങ്ങി. മുഹമ്മദ് സിറാജാണ് ബാബറിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. 58 പന്തുകള്‍ നേരിട്ട താരം ഏഴ് ബൗണ്ടറികള്‍ നേടി. പിന്നാലെ പാകിസ്ഥാന്റെ മധ്യനിര നിരുപാധികം കീഴടങ്ങി. സൗദി ഷക്കീല്‍ (6), ഇഫ്തിഖര്‍ അഹമ്മദ് (4), ഷദാബ് ഖാന്‍ (2), മുഹമ്മദ് നവാസ് (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വാലറ്റക്കാരില്‍ ഹസന്‍ അലി (12) മാത്രമാണ് രണ്ടക്കം കണ്ടത്. ഹാരിസ് റൗഫാണ് (2) പുറത്തായ മറ്റൊരു താരം. ഷഹീന്‍ അഫ്രീദി (2) പുറത്താവാതെ നിന്നു. പാകിസ്ഥാന്റെ ഇന്നിംഗ്സില്‍ ഒരു സിക്സ് പോലും ഉണ്ടായിരുന്നില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: