തിരുവനന്തപുരം: സി.പി.ഐ എല്ലാം തികഞ്ഞ പാർട്ടിയാണെന്ന അഭിപ്രായമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോൾ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് തിരുത്തുക? നാളെയല്ല ഇപ്പോൾ തന്നെയാണ് തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തോൽവിയെ തോൽവിയായി അംഗീകരിച്ചാലേ മുന്നോട്ടുപോകാനാകൂ. സി.പി.ഐ അഭിപ്രായം പറയന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോൽവിയെ തോൽവി ആയി അംഗീകരിക്കണം. എന്നാലേ മുന്നോട്ടുപോകാനാവൂ. സ്വന്തമായി കണ്ടുപോന്ന ഒരു വിഭാഗം ജനങ്ങൾ താക്കീതായി തിരുത്തണമെന്നു പറഞ്ഞതാണ് തെരഞ്ഞെടുപ്പ് ഫലം. അവർ ഇപ്പോഴും ഇടതുപക്ഷത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
”ജനവിധിയെ വിനയത്തോടെ അംഗീകരിക്കണം. നമ്മുടെ ഭാഗത്ത് എന്താണ് വീഴ്ചയെന്നു നമ്മൾ നോക്കണം. ഇപ്പോൾ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് തിരുത്തുക? നാളെയല്ല ഇപ്പോൾ തന്നെയാണ് തിരുത്തേണ്ടത്. സി.പി.ഐ നല്ലതാണെന്നും സി.പി.എം മോശമാണെന്നുമുള്ള അഭിപ്രായം ഞങ്ങൾക്കില്ല.”
സി.പി.ഐയും സി.പി.എമ്മും തമ്മിൽ തമ്മിൽ ഒരു പ്രശ്‌നവുമില്ല. സി.പി.ഐ ചില നിലപാടുകൾ പറയും. അത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനല്ല. സി.പി.ഐ എല്ലാം തികഞ്ഞ പാർട്ടിയാണെന്ന അഭിപ്രായമില്ല. സി.പി.ഐക്കും സി.പി.എമ്മിനും പോരായ്മകളുണ്ട്. അവ തിരുത്തി മുന്നോട്ടുപോകണം. പാർട്ടിക്കകത്ത് ചർച്ചകൾ നടക്കും. അത് പുറത്തേക്ക് ഒറ്റിക്കൊടുക്കുന്നത് പാർട്ടി നയമല്ല. ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകുന്നവരെ പുച്ഛമാണ്. അത്തരക്കാർ പുകഞ്ഞ കൊള്ളികളാണ്, പുറത്തായിരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.


