തൃശൂർ തൃശൂരിൽനിന്ന് പ്രശസ്തിയുടെ കൊടുമുടി കയറിയവരെക്കുറിച്ചുള്ള സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പ്രസംഗത്തിൽ സി.അച്യുതമേനോനെ പരാമർശിക്കാത്തതിൽ അതൃപ്‌തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘തൃശൂർ പെരുമ’ പരിപാടിയിൽ ബേബിയുടെ ഉദ്ഘാടന പ്രസംഗത്തിനു പിന്നാലെ പ്രസംഗിച്ച ബിനോയ് വിശ്വം, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേര് പരാമർശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്നു ചോദിച്ചു.
തൃശൂരിന്റെ പെരുമയെപ്പറ്റി 40 മിനിറ്റോളം സംസാരിച്ച ബേബി തൃശൂരിലെ ഇഎംഎസിന്റെ വിദ്യാഭ്യാസം, പി.കൃഷ്‌ണപിള്ളയുടെ ഗുരുവായൂർ മണിയടി, നാരായണഗുരുവിൻ്റെ കാരമുക്കിലെ ദീപപ്രതിഷ്ഠ എന്നിവയെക്കുറിച്ചും മുണ്ടശേരി, എം.പി.പോൾ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ചും പരാമർശിച്ചെങ്കിലും അച്യുതമേനോനെ അനുസ്‌മരിച്ചില്ല. ആർക്കും നിഷേധിക്കാനോ തമസ്‌കരിക്കാനോ കഴിയാത്ത ജനനേതാവാണ് അച്യുതമേനോൻ എന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരെങ്കിലും അദ്ദേഹത്തിൻ്റെ പേരും പ്രവർത്തനങ്ങളും മറന്നുപോയാൽ അത് ഓർമിപ്പിക്കേണ്ട ചുമതല ഒരു കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ തനിക്കുണ്ടെന്നും ബിനോയ് പറഞ്ഞു.
ഐക്യകേരളം കെട്ടിപ്പടുക്കുന്നതിന് രൂപരേഖ തയാറാക്കാൻ കമ്യൂണിസ്‌റ്റ് പാർട്ടി ചുമതലപ്പെടുത്തിയ നാലുപേരടങ്ങുന്ന കമ്മിറ്റിയുടെ കൺവീനർ ആയിരുന്നു അച്യുതമേനോൻ. പാർട്ടികൾ പിന്നീട് രണ്ടായി. കമ്യൂണിസ്‌റ്റ് പാർട്ടികൾ ഒന്നാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റാണ് താൻ. ഇതെല്ലാം പറയുന്നത് പാർട്ടികൾ തമ്മിൽ അടുക്കാനാണ്, അകലാൻ അല്ലെന്നും ഈ വിമർശനം പറയണോ എന്ന് പലതവണ ആലോചിച്ചതിനു ശേഷമാണ് ഈ വേദിയിൽ തന്നെ പറയുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഎമ്മിനും സിപിഐക്കും ഇടതുപക്ഷ പ്രസ്‌ഥാനത്തെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് ബിനോയ് വിശ്വം പ്രസംഗം അവസാനിപ്പിച്ചത്. കെ.രാധാകൃഷ്ണണൻ എംപി, മന്ത്രി ആർ.ബിന്ദു എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നു
