എറണാകുളം:അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ മഹാത്മാവാണ് പ്രൊഫ. എം.കെ. സാനുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എം.കെ. സാനുമാസ്റ്ററുടെ 98-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സഹോദര സൗധത്തിൽ ശ്രീനാരായണ സേവാസംഘം സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമ്മം ശരിയാം വിധം ഗ്രഹിച്ച് അതിൻറെ പ്രചരണത്തിന് വേണ്ടിയാണ് സാനുമാഷ് തൻറെ ജീവിതത്തിൻറെ വലിയ പങ്കും വിനിയോഗിച്ചിട്ടുള്ളതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ സഹോദര ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ പൊന്നാടയണിയിച്ചു. എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ് ഉപഹാരം സമർപ്പിച്ചു. ഡി. രാജ്കുമാർ ഉണ്ണി, കെ.എൻ. ബാൽ ഐ.പി.എസ്(റിട്ട), അഡ്വ. എസ്. ചന്ദ്രസേനൻ, സൗത്ത് ഇന്ത്യൻ വിനോദ്, പി.പി. രാജൻ, അഡ്വ. ആർ. അജന്തകുമാർ, എൻ. സുഗതൻ എന്നിവർ പ്രസംഗിച്ചു.
