ബിനോയ് വിശ്വം എംപിക്ക് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നൽകിയിരിക്കുന്നത്. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം, സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് പ്രഖ്യാപനം നടത്തിയത്. യോഗം ഐക്യകണ്ഠേനയാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് ഡി രാജ പറഞ്ഞു. 28ന ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ചർച്ച ചെയ്യും. വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു ബിനോയ് വിശ്വം.
ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നൽകണമെന്ന് നേരത്തെ ചികിത്സയ്ക്കുവേണ്ടി അവധിക്ക് അപേക്ഷിച്ച സമയത്ത് കാനം രാജേന്ദ്രൻ സിപിഐ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച്‌ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കോട്ടയം കാനത്തിലെ സ്വവസതിയിൽ കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇതിന് പിന്നാലെ സംസ്ഥാന എക്സിക്യൂട്ടീവ് ചേരുകയായിരുന്നു.
