കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത് നടത്തി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം നടന്നത്. സംസ്ഥാന ഭാരവാഹികളും 14 ജില്ലകളിലെ പ്രസിഡണ്ടുമാരും ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിൽ ഡിസംബറിൽ എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കൺവൻഷനുകൾ നടത്താൻ തീരുമാനിച്ചു. തുടർന്ന് നിയോജക മണ്ഡലം തല കൺവൻഷനുകള്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ക്രിസ്മസ് ആശംസകളുമായി നേതാക്കളും പ്രവർത്തകരും സന്ദർശനം നടത്തും. ഡിസംബർ 20 നും 30 നും ഇടയിലായിരിക്കും സന്ദർശനം. സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദർശനം. സംസ്ഥാന അധ്യക്ഷന്‍ പദയാത്രയും നടത്തും. ജനുവരിയിലാണ് 20 പാർലമെന്‍റ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്ര സംഘടിപ്പിക്കുന്നത്. എന്‍ഡിഎ യുടെ നേതൃത്വത്തിലാകും പദയാത്ര. 25000 പ്രവർത്തകരെ ഓരോ ദിവസവും പദയാത്രയില്‍ പങ്കെടുപ്പിക്കും.
നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും ചെറുതല്ലാത്ത ചലനങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്. കർണ്ണാടക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തിൽ 2019 ആവർത്തിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോൺഗ്രസ്സിന് കരുത്തില്ലെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുലക്ഷ്യമിട്ട് സിപിഎം ശക്തമാക്കും. ഇക്കുറിയെങ്കിലും ലോക്സഭയിലേക്ക് കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കണമെന്ന ലക്ഷ്യവുമായി ബിജെപിയും കച്ച മുറുക്കുകയാണ്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ ഗ്യാരണ്ടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. കേരളത്തിലും നരേന്ദ്രമോദിയുടെ ഗ്യാരണ്ടി പ്രധാന ചര്‍ച്ചയാവും. ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ന്നു. ഇന്‍ഡ്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയത്തിലാണ് പ്രതികരണം.
അതിനിടെ കേരളത്തോടുളള കേന്ദ്രസര്‍ക്കാര്‍ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന് ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു. പ്രസ്തുത വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം പി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.
സ്‌കൂളുകളില്‍ ഉച്ചകഞ്ഞി വിതരണം പോലും തടസ്സപ്പെടുന്ന നിലയില്‍ രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതങ്ങളോ പുതിയ പദ്ധതികളോ സാമ്പത്തിക സഹായമോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത അവഗണനയും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത അനീതിയുമാണ് കാണിക്കുന്നതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
2018 പ്രളയകാലത്ത് സംസ്ഥാനത്തിന് മതിയായ ഫണ്ട് നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ വിദേശ ധനസഹായങ്ങള്‍ മുടക്കുക കൂടി ചെയ്തു. ബിജെപിക്ക് കേരളത്തില്‍ അവസരം ഉണ്ടാകുന്നില്ലെന്ന് കരുതി ശത്രൂതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലര്‍ത്തുന്നത് സങ്കടകരമാണ് എന്നും നോട്ടീസില്‍ പറയുന്നു.
