കൊച്ചി: വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിന് തിരിച്ചടി. ഡിസംബർ 31 ന് വൈകുന്നേരം വയനാട്ടിലെ ബൊച്ചേ തൗസൻഡ് ഏക്കറിലെ പുതുവത്സരാഘോഷത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സ്ഥലത്തെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വയനാട്ടിലെ രണ്ട് മുതിർന്ന പൗരന്മാർ ഡിഡിഎംഎയ്ക്ക് പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എസ്റ്റേറ്റ് നിൽക്കുന്ന ഭാഗം പരിസ്ഥിതി ലോലപ്രദേശമാണെന്നടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടത്തേക്ക് ക്രമാതീതമായി ആളുകൾ വരുന്നത് നിരവധി സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തരണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. സ്ഥലകൈമാറ്റം സംബന്ധിച്ച ചില സംശയങ്ങളും സുപ്രീംകോടതി പ്ലീഡർ ഉന്നയിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ പുതുവത്സരാഘോഷങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
2023 സെപ്റ്റംബറിലാണ് തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണൂർ സ്വന്തമാക്കിയത്. അന്ന് മുതല്‍ ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്നാണ് അറിയപ്പെടുന്നത്. ഭൂമിയുടെ പുത്രന്‍ എന്നാണ് ഭൂമിപുത്ര എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം. തുടർന്ന് ബോചെ ടീ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരുന്നു. അത് അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യാനുള്ള സംവിധാനവുമൊരുക്കി.
വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
