മുംബൈ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അതിവേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക. ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻസ് (എഎംസി) ആണ് അതിവേഗം ഇൻഷുറൻസ് തുക അനുവദിച്ചതിൽ ദുരൂഹത ആരോപിച്ചത്. സെയ്ഫിന് എങ്ങനെയാണ് അതിവേഗം 25 ലക്ഷം രൂപ അനുവദിച്ചതെന്ന് സംഘടനയുടെ ചോദ്യം. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സ തേടിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിക്കൂറുകൾക്കുള്ളിലാണ് കാഷ് ലെസ്സായി 25 ലക്ഷം രൂപ അനുവദിച്ചത്. സാധാരണക്കാരെക്കാൾ സെലിബ്രിറ്റികൾക്ക് മുൻഗണനയുണ്ടെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ആശുപത്രിയുടെ നടപടിയെന്ന് എഎംസി ആരോപിച്ചു. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെൻ്റ് അതോറിറ്റി ഇക്കാര്യം ഇന്ത്യ അന്വേഷിക്കണമെന്നും എഎംസി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി പതിനാറിനായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയിൽവെച്ച് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെടുന്നത്. നടൻ്റെ കൈക്കും കഴുത്തിനും അടക്കം ആറിടങ്ങളിൽകുത്തേറ്റിരുന്നു. മുംബൈ ലീലാവതി ആശുപത്രിയിൽ അഞ്ച് ദിവസമായിരുന്നു സെയ്ഫ് ചികിത്സ തേടിയത്. ഇതിൽ അദ്ദേഹം 35.95 ലക്ഷത്തിൻ്റെ മെഡിക്കൽ ക്ലെയിം ആവശ്യപ്പെട്ടിരുന്നു. ഇതിൽ 25 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്.
