പാട്‌ന: ബിഹാറിൽ വീണ്ടും പാലം തകർന്നുവീണു. രണ്ട് ആഴ്ചയ്ക്കിടെ എട്ടാമത്തെ സംഭവമാണിത്. ശരൺ ജില്ലയിൽ ധമാഹി പുഴയ്ക്കു കുറുകെ നിർമിച്ച പാലമാണു ജനങ്ങൾ നോക്കിനിൽക്കെ നിലംപതിച്ചത്.
ശരണിലെ ദോധ് ആസ്ഥാൻ ക്ഷേത്ര പരിസരത്തുള്ള പാലമാണ് അപകടത്തിൽപെട്ടിരിക്കുന്നത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 2004ൽ നിർമിച്ച പാലമാണിതെന്നാണു വിവരം. ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലം തൊട്ടടുത്തുതന്നെ കാര്യമായ കേടുപാടുകളില്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്. കനത്ത മഴയിൽ പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു. ഇതിൽ പാലത്തിന്റെ തൂൺ ഇടിഞ്ഞത്. പിന്നാലെ പാലം ഒന്നാകെ തകർന്നുവീഴുകയായിരുന്നു.
പാലം തകർന്ന സംഭവത്തിൽ ശരൺ ജില്ലാ മജിസ്ട്രേറ്റ് അമൻ സമീർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സബ് ഡിവിഷനൽ ഓഫിസറും ഫള്ഡ് മാനേജ്മെന്റ് വകുപ്പിൽനിന്നുള്ള ഒരു എൻജിനീയറും ഉൾപ്പെട്ട രണ്ടംഗ സംഘമാണ് 24 മണിക്കൂറിനിടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുക. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കി സംസ്ഥാന സർക്കാരിനു കൈമാറുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ പാലങ്ങൾ തകർന്നുവീഴുന്നത്. മധുബാനി, അറാറിയ, ഈസ്റ്റ് ചംപാരൻ, കിഷൻഗഞ്ച് എന്നിവിടങ്ങളിലാണു പുതിയ പാലം അപകടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവം ബിഹിറിൽ വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. ഇതിനടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.


