കൊച്ചി: വീട്ടമ്മയോട് വെള്ളം ചോദിച്ച് ചെന്ന് ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിലെ പ്രതിയെ പിടികൂടി പോലീസ്. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടിൽ വീട്ടിൽ ജോൺ ആണ് അറസ്റ്റിൽ ആയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അല്ലപ്രയിലെ ഒരു വീട്ടിലെത്തി പ്രതി വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പുറകെ ചെന്ന് വായ് പൊത്തിപിടിച്ച് മാല കവരുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പള്ളിക്കരയിൽ നിന്നുമാണ് പിടികൂടിയത്.
2009 ൽ കുന്നത്ത്നാട് സ്റ്റേഷൻ പരിധിയിൽ മുളകുപൊടി വിതറി മാല പൊട്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ റിൻസ് എം തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ അബ്ദുൽ മനാഫ്, സി.പി.ഒമാരായ കെ.എ അഭിലാഷ്, ജിജുമോൻ തോമസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
