ബ്രൂസല്ലോസിസ് രോഗബാധ: പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് സാമ്പിളുകൾ പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം : തിരുവനന്തപുരം വെമ്പായത്ത് ജന്തുജന്യ ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് സാമ്പിളുകൾ പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ്. രോഗം സ്ഥിരീകരിച്ച ക്ഷീരകർഷകന്റെ വീട്ടിലെ വളർത്തുമൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം നാളെ കിട്ടിയേക്കും. നേരത്തെ നടത്തിയ പരിശോധനയിൽ വീട്ടിലെ മൃഗങ്ങളിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.

പാലിലൂടെയും, പാലുൽപന്നങ്ങളിലൂടെയും ബാക്ടീരിയ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാതെയും ഇവ ഉപയോഗിക്കരുത് എന്ന് മൃഗസംരക്ഷണവകുപ്പിന്റെ നിർദ്ദേശം ഉണ്ട്. കന്നുകാലികളുമായി അടുത്തിടപഴകുന്നവർ കരുതൽ പാലിക്കണം. രോഗബാധയുള്ള കന്നുകാലികളിൽ ഗർഭം അലസൽ രോഗലക്ഷണം ആകാമെന്നതിനാൽ മറുപ്പിള്ള, ഭ്രൂണം പോലെയുള്ള വസ്തുക്കൾ കയ്യുറ ഉപയോഗിച്ച് മാത്രം കൈകാര്യം ചെയ്യണം എന്നും നിർദ്ദേശം ഉണ്ട്. ഇന്നലെയാണ് വെമ്പായം വെറ്റിനാട് അച്ഛനും മകനും ബ്രൂസിലോസിസ് സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉള്ള രണ്ട് പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നത് രോഗം പിടിപെടുന്നതിന് കാരണമാകുന്നു. ചെമ്മരിയാടുകൾ, കന്നുകാലികൾ, ആട്, പന്നികൾ, നായ്ക്കൾ തു‌ടങ്ങിയ മൃഗങ്ങളിലാണ് രോഗം ഉണ്ടാകുന്നത്.

പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. പാസ്ചറൈസ് ചെയ്യാത്ത പാൽ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതാണ് അണുബാധയ്ക്കുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം. ചെമ്മരിയാടുകൾ, ആട്, പശുക്കൾ, ഒട്ടകങ്ങൾ എന്നിവയിൽ രോഗബാധയുണ്ടായാൽ അവയുടെ പാൽ ബാക്ടീരിയകളാൽ മലിനമാകും. ചീസ് ഉൽപ്പന്നങ്ങൾ കഴിക്കുന്ന ആളുകളിലേക്ക് അണുബാധ പകരാം.

ബ്രൂസെല്ലോസിസിന് കാരണമാകുന്ന ബാക്ടീരിയ ശ്വസിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അറവുശാല, മാംസം പായ്ക്ക് ചെയ്യുന്ന ജീവനക്കാരും ബാക്ടീരിയയ്ക്ക് വിധേയരാകുകയും രോഗബാധിതരാകുകയും ചെയ്യുന്നതായി Centers for Disease Control and Prevention വ്യക്തമാക്കുന്നു. ബ്രൂസെല്ലോസിസ് അണുബാധ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം വേവിക്കാത്ത മാംസം, പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: