കാട്ടാക്കട: കെഎസ്ആർടിസി ബസിനുള്ളിൽ പെൺസുഹൃത്തിനൊപ്പം ഇരുന്നെന്ന പേരിൽ യുവാവിനെ മർദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റിലായി. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണനെ (23) ആണ് കണ്ടക്ടര്‍ നിലത്തിട്ട് ക്രൂരമായി മർദ്ദിച്ചത്. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാർ ആണ് മർദ്ദിച്ചത്. ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയപ്പോൾ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിന്റെ ചെവിയിൽ മോശമായി സംസാരിക്കുകയും ഋതികിനെ മർദ്ധിക്കുകയും ചെയ്തു.യുവാവിനെ കണ്ടക്ടര്‍ ബസിനുള്ളിൽ നിലത്തിട്ടു മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിൽ എത്തിയ വെള്ളറട ഡിപ്പോ ബസിൽ ഒരു സീറ്റിൽ ഇരിക്കുകയായിരുന്നു യുവാവും പെൺ സുഹൃത്തും. ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയതോടെ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിന്റെ ചെവിയിൽ മോശമായി സംസാരിക്കുകയും അനാവശ്യം പറയുന്നോഎന്ന് ചോദിച്ചതോടെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് സുരേഷ് കുമാർ ഋത്വിക്കിന്റെ തലക്ക് അടിക്കുകയും ചെയ്തു. ഷർട്ടിൽ പിടിച്ച് വലിച്ച് താഴെയിട്ടു മർദ്ദിച്ചുവെന്നും യുവാവു പറഞ്ഞു. ബസിലെ യാത്രകാരിൽ ആരോ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കാട്ടാക്കട പോലീസ് സ്ഥലത്തെത്തി കണ്ടക്ടറെ സ്റ്റേഷനിൽ എത്തിച്ചു. ജോലി തടസപ്പെടുത്തിയെന്നാണ് കണ്ടക്ടര്‍ പൊലീസിനോട് പരാതി പറഞ്ഞത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതോടെ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാട് പോലീസ് സ്വീകരിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തുകയും സുരേഷ് കുമാറിനെതിരെരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറായ സുരേഷ് കുമാര്‍ ആളുകളോട് മോശമായി പെരുമാറിയതിന് നേരത്തെയും നടപടി നേരിട്ടിട്ടുണ്ട്.
