ബിഎസ്എൻഎല്ലിൻ്റെ വൻ കുതിപ്പ്, സ്വകാര്യ കമ്പനികൾക്ക് കടുത്ത വെല്ലുവിളി; 4ജി സേവനം 65000 ടവറുകളിൽ



       

സ്വകാര്യ ടെലികോം കമ്പനികളോടുള്ള മത്സരത്തിൽ വൻ കുതിച്ചുചാട്ടം നടത്തി ബിഎസ്എൻഎൽ. കൂടുതൽ ടവറുകളിൽ 4G സേവനം ലഭ്യമാക്കി മുന്നേറുകയാണ് ബിഎസ്എൻഎൽ. 65000 ടവറുകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനത്തിന് സാധിച്ചതോടെ വിപണിയിൽ സ്വകാര്യ കമ്പനികൾക്ക് വൻ വെല്ലുവിളിയായി മാറുകയാണ് ബിഎസ്എൻഎൽ.

കൂടുതൽ ടവറുകളിൽ 4G സേവനങ്ങൾ ലഭ്യമായതോടെ ഉപയോക്താക്കൾക്ക് ശക്തമായ സിഗ്നൽ, കൂടിയ ഡാറ്റ വേഗത എന്നിവ ആസ്വദിക്കാൻ സാധിക്കുന്നതായാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി മുന്നോട്ട് പോകുന്ന ബിഎസ്എൻഎൽ 2025 വർഷത്തിന്റെ പകുതിയോടെ രാജ്യത്ത് 100,000 ടവറുകളിൽ 4G സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2024 നവംബറിൽ ബി.എസ്.എൻ.എല്ലിന് 300,000 ഉപയോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായ കോൾ ഡ്രോപ്പുകൾ, ഡിസ്കണക്ഷൻ അടക്കമുള്ള കണക്ടിവിറ്റി പ്രശ്നങ്ങൾ മുതലായവയാണ് പല ഉപയോക്താക്കളെയും ബി.എസ്.എൻ.എൽ വിടാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ വൻ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് ബിഎസ്എൻഎല്ലിൻ്റെ പ്രതീക്ഷ.

രാജസ്ഥാനിൽ ഇന്റർനെറ്റ് ഫൈബർ ടിവി (IFTV) അവതരിപ്പിച്ചു കൊണ്ട് ഡിജിറ്റൽ എന്റർടെയിൻമെന്റ് മേഖലയിലേക്കും ബിഎസ്എൻഎൽ കടന്നു. മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഒരു പൈലറ്റ് പ്രോഗ്രമായി ആരംഭിച്ച ഈ പദ്ധതി വിജയത്തിലെത്തിയതിൻ്റെ സൂചനയാണിത്. പഞ്ചാബ്, ഛണ്ഡിഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും IFTV ലഭ്യമാണ് സേവനങ്ങൾ പല സംസ്ഥാനങ്ങളിലേക്കും ബി.എസ്.എൻ.എൽ വ്യാപിപ്പിക്കും. തടസ്സങ്ങളേതുമില്ലാതെ ടെലിവിഷൻ സ്ട്രീം ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കുമെന്നതാണ് നേട്ടം. ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് ടെലിവിഷനാണിത്. ഭാരത് ഫൈബർ ഉപയോഗിക്കുന്ന ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്ക് അധിക ചാർജ്ജുകളൊന്നും നൽകാതെ 500 ലൈവ് ടി.വി ചാനലുകൾ ലഭ്യമാകും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: