Headlines

30 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് ;
നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം




തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ്

വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണല്‍ ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് നടത്തും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉപതെരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

വോട്ടെടുപ്പിനായി 80 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 60617 വോട്ടര്‍മാരാണുള്ളത്. 28530 പുരുഷന്മാരും 32087 സ്ത്രീകളും. കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.

നാമനിര്‍ദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക കോര്‍പ്പറേഷനില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 4000 രൂപയും ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: