ന്യൂഡൽഹി: സിഗരറ്റ് ലൈറ്റർ പോലുള്ള സ്പൈ ക്യാമറ ഉപയോഗിച്ച് രഹസ്യമായി സ്ത്രീകളുടെ വീഡിയോ പകർത്തിയ കേസിൽ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിഷൻഗഡ് പരിസരത്തുള്ള ഷാനി ബസാറിലാണ് ഓഗസ്റ്റ് 30 ന് രാത്രി 10:20 ഓടെ സംഭവം നടന്നത്. സ്ത്രീ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈറ്റർ ആകൃതിയിലുള്ള ഒരു ചെറിയ രഹസ്യ ക്യാമറ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ ലൈൻസ് സ്വദേശിയായ 31-കാരൻ മോഹിത് പ്രിയദർശി ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 30ന് ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ സൗത്ത് വെസ്റ്റ് ജില്ലയിലുള്ള കിഷൻഗഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താൻ കിഷൻഗഡ് ഗ്രാമത്തിലെ ശനി ബസാറിൽ നിൽക്കുമ്പോൾ ഒരു പുരുഷൻ ലൈറ്റർ ആകൃതിയിലുള്ള ക്യാമറ ഉപയോഗിച്ച് തന്‍റെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 77/78 ബിഎൻഎസ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത്, പരാതി അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അജയ് കുമാർ യാദവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ദിവ്യ യാദവ്, ഹെഡ് കോൺസ്റ്റബിൾ യോഗേഷ്, എച്ച്സി ശ്യാം സുന്ദർ, കോൺസ്റ്റബിൾ മോഹൻ, കോൺസ്റ്റബിൾ വികാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഡൽഹി എസിപി മെൽവിൻ വർഗീസിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ‘വ്യക്തിപരമായ സംതൃപ്തിക്കു വേണ്ടിയാണ് താൻ ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്ന് അയാൾ സമ്മതിച്ചു, നിരവധി യുവതികളുടെ വീഡിയോയാണ് ക്യാമറയിൽ ഉണ്ടായിരുന്നത്’ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
