കോട്ടയം: നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നിടത്തു നിന്നും കഞ്ചാവ് പിടികൂടി. കുമാരനല്ലൂർ വല്യാലിൻചുവടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന റോബിന്റെ വീട്ടിൽ നിന്നുമാണ് 17 കിലോ എട്ട് ഗ്രാം കഞ്ചാവ് പിടികൂടിയത്.
വിദേശ ബ്രീഡ് 13 നായയ്ക്കളെയാണ് ഇയാൾ വീട്ടിൽ പാർപ്പിച്ചിരുന്നത്. നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്സൈസിനും പോലീസിനും ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു, കോട്ടയം ജില്ലാ മേധാവിയുടെ പ്രത്യേക സംഘം ഇന്നലെ അർദ്ധരാത്രിയ്ക്ക് ശേഷം എത്തി പരിശോധന നടത്തിയത്. പോലീസ് എത്തിയതോടെ നായകളെ അഴിച്ചുവിട്ട് പ്രതിയായ റോബിൻ ഓടി രക്ഷപ്പെട്ടു. നായ്ക്കളുടെ പരിശീലനത്തിനൊപ്പം ഇവയുടെ ഡേ കെയർ സംവിധാനവും ഇയാൾ നടത്തിയിരുന്നു. ഒരു ദിവസം ആയിരം രൂപയാണ് ഇതിനായി ഈടാക്കിയിരുന്നതും. കാക്കി വസ്ത്രം കണ്ടാൽ കടിക്കുകയും, ദേഷ്യമുണ്ടാകുന്ന വിധത്തിലുമാണ് നായ്ക്കളെ ഇയാൾ പരിശീലിപ്പിച്ചിരുന്നതെന്ന വിവരം ലഭ്യമായിട്ടുണ്ടെന്ന് ജില്ല പോലീസ് മേധാവി കെ. കാർത്തിക്ക് സ്ഥലം സന്ദർശിച്ചു കൊണ്ട് പറഞ്ഞു. പോലീസ് ഏറെ സാഹസികമായാണ് റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒളിവിൽ പോയ റോബിനെ പിടികൂടുവാനുള്ള ശ്രമം ഊർജ്ജിതമാക്കിയതായും പോലീസ് മേധാവി പറഞ്ഞു.
