Headlines

ലഹരി മാഫിയയുടെ പിടിയില്‍ തലസ്ഥാനം; ശൃംഖലയില്‍ സ്ത്രീകളും വിദ്യാര്‍ഥികളും

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ സാന്നിധ്യം ശക്തമാകുന്നു. യുവാക്കളെയും സ്കൂള്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് വൻതോതില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നത് സമീപകാലത്തായി വര്‍ധിക്കുന്നത് ആശങ്കയോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് കഞ്ചാവും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും വൻതോതിൽ കടത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

കഴിഞ്ഞ ദിവസമാണ് ആന്ധ്രയില്‍ നിന്നെത്തിച്ച 50 കിലോ കഞ്ചാവ് കോവളത്ത് എക്സൈസ് സംഘം പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിൽ ലഹരി വസ്തുക്കൾ നിത്യേന പിടികൂടുന്നുണ്ട്. ജില്ലയില്‍ അതിര്‍ത്തി പ്രദേശം കേന്ദ്രീകരിച്ച്‌ കഞ്ചാവ് കടത്തുന്നുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു. തമിഴ്നാട്ടില്‍ നിന്ന് ട്രെയിൻ മാര്‍ഗവും ബസ്സിലുമായാണ് കഞ്ചാവ് അതിര്‍ത്തി കടന്നെത്തുന്നത്. റെയില്‍വേ സ്റ്റേഷൻ, ആശുപത്രി പരിസരം, കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പരിസരം, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പ്പനയും കൈമാറ്റവും.

കഴക്കൂട്ടം, കാരോട് ബൈപ്പാസില്‍ ബൈക്കുകളിലെത്തുന്ന യുവാക്കളും വിദ്യാര്‍ഥികളും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ച്‌ പ്രദേശങ്ങളില്‍ അടികൂടുന്നതായും പരാതികളുണ്ട്. സ്ത്രീകള്‍ മുതല്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ വരെ കഞ്ചാവ് മാഫിയകളുടെ ശൃംഖലയിലുണ്ടെന്നാണ് ആരോപണം.

ഇത്തരത്തില്‍ ലഹരി ഉപയോഗിച്ചതിന് ശേഷം പരസ്പരം കെയ്യേറ്റം ചെയ്യുന്ന സാഹചര്യം നാട്ടുകാരിലും ഭയം ജനിപ്പിക്കുന്നു. മൂന്നുദിവസങ്ങള്‍ക്കു മുമ്പ് കഴക്കൂട്ടം അയിര പാലത്തിനു സമീപം യുവാക്കളെത്തി ലഹരി ഉപയോഗിച്ചതിന് ശേഷം പരസ്പരം ഏറ്റുമുട്ടുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രദേശങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: