തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് (80) ആദരാഞ്ജലികൾ അർപ്പിച്ച് തലസ്ഥാനം. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിയത്. ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25 നായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഉച്ചക്ക് രണ്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് വിലാപയാത്രയായി സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക്. വിലാപയാത്രയിൽ അന്തിമോപചാരം അർപ്പിക്കാൻ വഴിയരികിൽ കാത്തുനിന്നത് പതിനായിരങ്ങളാണ്.

ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാക്കളായ എ. കെ ആന്റണിയും വി. എം സുധീരനും. പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോഴാണ് ഇരുവരും കാണാനെത്തിയത്. മൃതദേഹത്തെ കുറെനേരം നോക്കിനിന്ന ആന്റണിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെയും മകൻ ചാണ്ടി ഉമ്മനെയും ആശ്വസിപ്പിച്ച ശേഷമാണ് ആന്റണി പുറത്തിറങ്ങിയത്.

മുൻമന്ത്രി ടി.ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർനത്തിന് വച്ച ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യന്ത്രി എം.കെ സ്റ്റാലിൻ, കർണാടക മുഖ്യന്ത്രി സിദ്ധരാമയ്യ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്നാണ് ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചത്.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലും സെക്രട്ടറിയേറ്റിലും സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനം ഉണ്ടാകും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് തന്നെ മൃതദേഹം കൊണ്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അറിയിച്ചു. സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കോട്ടയത്തേക്ക് കൊണ്ട് പോകും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം പുതുപ്പള്ളിയിലേക്ക്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംസ്കാര ചടങ്ങുകൾ.
