ചെന്നൈ: അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് 4.45ന് നടക്കും. ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. ഇന്നു രാവിലെ ആറു മണി മുതൽ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുദർശനം. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്.
കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് താരം അന്തരിച്ചത്. ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
എൺപതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ. 2001 ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, 1989 ചെന്ദൂര പൂവേ എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാർഡ് 1988 ൽ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്
