അഞ്ചലിൽ കാർ കത്തിയ നിലയിൽ; കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കൊല്ലം: അഞ്ചൽ ഒഴുകുപാറയ്ക്കൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. രാവിലെ പ്രദേശവാസികളാണ് റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കാർ കണ്ടെത്തിയത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലയിലാണ്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.


എന്നാൽ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യയുടെ സാധ്യതയടക്കം പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികം വീടുകളോ ആളുകളോ സമീപത്തില്ല. ശബ്ദം കേട്ടുവെന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി നശിച്ചിരിക്കുകയാണ്. കാർ ആരുടേതാണെന്നും സംഭവിച്ചതെന്താണെന്നുമുള്ള കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: