കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്.
കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവർക്ക് പൊള്ളലേറ്റിട്ടുണ്ട്ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂര്‍ പതാകയുള്ള കാര്‍ഗോ ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിൽ നിരവധി പൊട്ടിത്തെറികളുണ്ടായതായും വിവരമുണ്ട്.
