ന്യൂഡൽഹി: ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനം ഇന്നുണ്ടാകും. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തിയെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സി ബി ഐ അന്വേഷിക്കണമെന്നുമാണ് റിട്ട് ഹർജിയിലെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹർജിയിലുണ്ട്. സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി എന്നതാണ്. സംസ്ഥാന സർക്കാരിനും ഡബ്ള്യു സി സി അടക്കമുള്ള എതിർകക്ഷികൾക്കും സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തിരുന്നു. സ്റ്റേ ആവശ്യം നവംബർ 19 ന് വീണ്ടും പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹൈക്കോടതി വിധി, സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചിരുന്നു.
