കൊച്ചി:സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ കുഞ്ചാക്കോ ബോബൻ നയിക്കും. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. എട്ട് ടീമുകളാണ് ടൂർണമെന്റിന്റെ്റെ ഭാഗമാവുക. കേരള സ്ട്രൈക്കേഴ്സിനെ കൂടാതെ തെലുഗു വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്‌സ്, പഞ്ചാബ് ഡി ഷേർ, ബോജ്പുരി ദബാംഗ്‌സ്, ബംഗാൾ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഫെബ്രുവരി 23നാണ് ടൂർണമെന്റ് ആരംഭിക്കുക.
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരാണ് ടീമിലെ മുൻനിര സിനിമാതാരങ്ങൾ. സംവിധായകൻ, ഗായകർ, സംഗീത സംവിധായകർ തുടങ്ങിയവരെല്ലാം ടീമിന്റെ ഭാഗമാണ്. സിസിഎൽ ചരിത്രത്തിൽ ഇന്നേവരെ കേരള സ്ട്രൈക്കേഴ്സ് കിരീടം നേടാനായിട്ടില്ല. തെലുഗു വാരിയേഴ്സാണ് നിലവിലെ ചാംപ്യന്മാർ. ഏറ്റവും കൂടുതൽ തവണ കിരീടം നേടിയതും തെലുഗു തന്നെ. 2015,2016,2017,2023,വർഷങ്ങളിലായിരുന്നു കിരീട നേട്ടം. കർണാടക ബുൾഡോസേഴ്‌സ് (2013, 2014) ചൈന്നെ റെനോഴ്സ്(2011, 2012) എന്നിവർ രണ്ട് കിരീടങ്ങൾ വീതം നേടി. മുംബൈ ഹീറോസ് (2019) ഒരു തവണയും കിരീടം നേടി. കേരള സ്ട്രൈക്കേഴ്സ് 2014, 2017 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പായിരുന്നു. ഇതുതന്നെയാണ് ടീമിന്റെ മികച്ച പ്രകടനവും.
