പാലക്കാട്: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വധശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനം വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമില്ല. മോചനത്തിനുളള പണം എത്രയാണെങ്കിലും നല്‍കാന്‍ നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണ്. കേന്ദ്രസര്‍ക്കാര്‍ അതിനുവേണ്ടി പണം ചിലവാക്കേണ്ടതില്ല. പക്ഷെ നയതന്ത്ര തലത്തില്‍ ബ്ലഡ് മണിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ വഴിയൊരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ലാത്തതാണ് നിലവിലെ പ്രതിസന്ധി. ഇറാന്‍ പോലെ യെമനുമായി നയതന്ത്ര ബന്ധമുളള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ സംസാരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. കേന്ദ്രം ആ വഴി ഉപയോഗിക്കണമെന്നാണ് ആവശ്യം. മോചനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ കേന്ദ്രം വ്യക്തമാക്കുമെന്നാണ് സൂചന.
