ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ചാണ്ടി ഉമ്മൻ. ബിന്ദുവിന്റെ കുടുംബത്തിനായി 5 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുമെന്ന് നേരത്തെ ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് ബിന്ദുവിന്റെ കുടുംബത്തിന് പണം കൈമാറിയത്.

സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. മകളുടെ ഒപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. ജൂലൈ മൂന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്.

അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാൽ പിന്നീടാണ് ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്. ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: