Headlines

ഛോട്ടാ മുംബൈ  മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21 ന് റി റിലീസ്

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഛോട്ടാ മുംബൈ റിറിലീസിന് ഒരുങ്ങുന്നു. നടന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക.

ചിത്രത്തിന്റെ റിറിലീസിനെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സൂചന ലഭിച്ചിരിക്കുകയാണ്. ഛോട്ടാ മുംബൈയുടെ നിര്‍മാതാവായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു ഒരു ആരാധകന് നല്‍കിയ മറുപടിയാണ് റീറിലീസ് ഉറപ്പിച്ചെന്ന ആവേശം പടര്‍ത്തിയിരിക്കുന്നത്

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന ‘തല’ ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. ചിത്രത്തിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം.

മോഹന്‍ലാൽ മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകമനസില്‍ ഇടംപിടിച്ചു. സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.

സമീപകാലത്തായി റീറിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ബര്‍ത്ത്‌ഡേ സ്‌പെഷ്യലായി എത്തുന്ന ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ. റീറിലീസില്‍ മോഹന്‍ലാലിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മലയാളത്തില്‍ മറ്റാരുമില്ലെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: