തിരുവനന്തപുരം: സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. മസ്കറ്റ് ഹോട്ടലിൽ വച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിൻറെ ഒരു സ്വപ്ന പദ്ധതിയാണ് ഇതെന്നും യാഥാർത്ഥ്യമാകുന്നതോടെ അനന്ത സാധ്യതകളാണ് തുറന്നിടുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പേരിനൊപ്പം ‘തിരുവനന്തപുരം’ എന്നുകൂടി ചേർത്തേക്കുമെന്ന് സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യാന്തര തലത്തിൽ തുറമുഖം ശ്രദ്ധ ആകർഷിക്കുന്നതിനായി തിരുവനന്തപുരം കൂടി പേരിനൊപ്പം ചേർക്കണമെന്ന് ആവശ്യപ്പെട്ട് നിർദേശങ്ങൾ അധികൃതർക്കു ലഭിച്ചിരുന്നു.
ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി വരുന്ന ആദ്യ കപ്പൽ അടുത്ത മാസം 4ന് വിഴിഞ്ഞം തുറമുഖത്ത് എത്തും എന്നാണ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളെ അറിയിച്ചത്. ഒക്ടോബർ 4ന് ആദ്യ കപ്പൽ വരുമെങ്കിലും അടുത്ത മേയ് മാസത്തോടു കൂടി മാത്രമേ ഒന്നാം ഘട്ടം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യൂ. തുറമുഖത്തിന് ആവശ്യമായ കൂടുതൽ ക്രെയിനുമായി നവംബർ മാസത്തോടെ മറ്റു 3 കപ്പലുകൾ കൂടി വിഴിഞ്ഞത്ത് എത്തും.