തിരുവനന്തപുരം: വയനാട്ടിലെ ഗ്രാമങ്ങളെ സഹായിക്കാനായി നടത്തുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടത്തുന്നതായി കണ്ടെത്തൽ. ഇതിനോടകം സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയ 194 പോസ്റ്റുകള്‍ നീക്കം ചെയ്തു.
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ട് വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്‍റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

