കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. ചാത്തന്നൂർ സ്വദേശികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും മകനുമാണ് അറസ്റ്റിലായത് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മീഷണറുടെ സ്ക്വാഡാണ് തെങ്കാശി പുളിയറയിൽ നിന്നു മൂന്നു പേരെയും പിടികൂടിയത്.
കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് വിവരം. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നു പേർ കസ്റ്റഡിയിലായത്.
നഴ്സുമാരുടെ റിക്രൂട്ട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.
