പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത് -വിദ്യാഭ്യാസ മന്ത്രി





പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയേപ്പോലും പഠന യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്ക് ഉള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്കൂൾ പഠനയാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്.

ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠന യാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷം നടക്കുന്നുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു.

സമ്മാനങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയുമുണ്ട്. ആയതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷം ഒഴിവാക്കാൻ സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: