വിദ്യാരംഭത്തിന് കുട്ടികൾ
എന്തെഴുതണമെന്നതിൽ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാം; ഹൈക്കോടതി

കൊച്ചി: വിദ്യാരംഭത്തിന് കുട്ടികൾ എന്തെഴുതണമെന്നതിൽ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. കണ്ണൂർ മട്ടന്നൂർ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തിനിരുത്തൽ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവരാജൻ രാമചന്ദ്രന്റേതാണ് ഉത്തരവ്.

ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബർ, യേശുവേ സ്തുതി, അമ്മ, അച്ഛൻ, അ, ആ, ഇ, ഈ(അക്ഷരമാലകൾ), ഇംഗ്ലീഷ് അക്ഷരമാലകൾ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.

എഴുത്തിനിരുത്ത് ഗ്രന്ഥശാലയിൽ നടക്കുന്നതിനാൽ മതപരമായ ചടങ്ങായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങൾ ലംഘിക്കാതെ മതേതര ചിന്തയോടെ നടത്തുന്ന ഇത്തരമൊരു പരിപാടിയിൽ ഇടപെടാൻ കാരണങ്ങൾ കാണുന്നില്ല. മതബഹുസ്വരയുള്ള ഭൂമിയാണ് ഇന്ത്യയെന്നും കോടതി പറഞ്ഞു.
എന്നാൽ ഇത് സനാതന ധർമത്തിന് എതിരാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്റർ കൺവീനർ കെ ആർ മഹാദേവനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

2014 മുതൽ ഇത്തരത്തിൽ എഴുത്തിരുത്തൽ നടത്തുന്നുണ്ടെന്നും എല്ലാ സമുദായത്തിൽപ്പെട്ടവർക്കും പങ്കെടുക്കാനാണ് വിവിധ പ്രാർഥനകൾ നൽകിയിരിക്കുന്നതെന്നും നഗരസഭ കോടതിയിൽ വിശദീകരണം നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: