തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുക്കും.
വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്. മതമേലധ്യക്ഷന്മാർ റാലിക്ക് നേതൃത്വം നൽകും. ഈ വിഷയത്തിലെ നിലപാട് നോക്കി മാത്രമേ ഇനി ചായയും കുടിയും കേക്ക് മുറിയും എന്നൊക്കെ കെസിബിസി അധ്യക്ഷൻ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ ഇന്ന് ഉച്ചക്ക് പറഞ്ഞിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനിയൊരു മാനദണ്ഡമായിരിക്കുമെന്നും നീതിലഭിക്കാത്ത ബിജെപിയുമായി എന്ത് ചങ്ങാത്തമെന്നും കെസിബിസി അധ്യക്ഷൻ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ.
