‘കര്‍ഷക സമരത്തിനിടെ പൊലീസുമായി സംഘർഷം; 24 വയസ്സുള്ള കർഷകൻ മരിച്ചു, കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണം





കേന്ദ്ര സർക്കാരിനെതിരായ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. കർഷകരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള ഒരു കർഷകൻ മരിച്ചത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണിച്ച് കർഷകർ രംഗത്തെത്തി. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലാണ് വൻ സംഘർഷം നടക്കുന്നത്. ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ്‌ നേതാവ് നവ്ജോത് സിങ് സിദ്ധുവടക്കമുള്ള നേതാക്കൾ രംഗത്തെത്തി.

വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിക്കുകയാണ്കേന്ദ്രം.

കർഷക സമരത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. ബാരിക്കേഡുകൾ പൊളിക്കാൻ സമരക്കാർ കൊണ്ടുവന്ന ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു. കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാർക്കും നിർദ്ദേശമുണ്ട്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കർഷകരും ഒരുക്കിയിട്ടുണ്ട്. കണ്ണീര്‍ വാതകത്തെ തടയാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റുകളും കര്‍ഷകരുടെ പക്കലുണ്ട്. 1200 ട്രാക്ടർ ട്രോളികൾ, 300 കാറുകൾ, 10 മിനി ബസുകൾ എന്നിവയുമായി 14,000 കർഷകർ ഇതിനോടകം ശംഭുവിൽ എത്തിയിട്ടുണ്ട്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: