കോഴിക്കോട്: കോഴിക്കോട് വെള്ളിമാട് കുന്നിൽ രണ്ട് കോളജുകളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ജെ.ഡി.ടി, ഐ.സി.ടി കോളജുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം നടന്നത്. ജെ.ഡി.ടി കോളജിലെ വിദ്യാർഥിക്ക് പരിക്കേറ്റു. ഐ.സി.ടി കോളജിലെ വിദ്യാർഥികൾ ചേർന്ന് ജെ.ഡി.ടി കോളജിലെ അഹ്മദ് മുജ്തബ എന്ന വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മാർച്ച് 13ന് രാത്രിയായിരുന്നു സംഭവം.
വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് മുജ്തബയുടെ കണ്ണിനും മൂക്കിനും പരിക്കേൽപിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒമ്പത് വിദ്യാർഥികൾ ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. റിഫാസ്, ഷഹീൻ, നിഹാൽ, യാസിൽ എന്നീ നാലു വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
