മധ്യപ്രദേശ് പബ്ലിക് സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി;സംഭവത്തിൽ 10-ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശ് പബ്ലിക് സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി. സംഭവത്തിൽ 10-ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. തട്ടിപ്പ് എങ്ങനെ നടത്തണമെന്ന് വിദ്യാർത്ഥി പഠിച്ചത് യുട്യൂബിൽ നിന്നുമാണ്. വിലകൂടിയ വസ്ത്രങ്ങളും ഷൂസും വാങ്ങാനാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, രാജസ്ഥാൻ ജുൻജുനു സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിൽ ഒരു ചാനൽ സൃഷ്ടിക്കുകയും ജൂൺ 23 ന് നടന്ന മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (എംപിപിഎസ്‌സി) പരീക്ഷയുടെ പ്രാഥമിക റൗണ്ട് പേപ്പറുകൾ കൈവശമുണ്ടെന്ന് അവകാശപ്പെടുകയും ഓരോന്നിനും 2,500 രൂപ ആവശ്യപ്പെടുകയും ചെയ്തു.

യുപിഐ വഴി പണമടയ്ക്കാൻ ടെലിഗ്രാം ചാനലിൽ ക്യുആർ കോഡ് നൽകുകയും ചെയ്തു. ഒരാൾ ഈ ക്യുആർ കോഡ് വഴി പണമടച്ചാൽ ഉടൻ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യും. ഈ രീതിയിൽ അഞ്ചോളം പേരെ കബളിപ്പിക്കുകയും പണം സ്വന്തമാക്കുകയും ചെയ്തു. വിദ്യാർഥിയുടെ കൈവശം പരീക്ഷ ചോദ്യ പേപ്പറുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കബളിപ്പിക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് പഴയ ചോദ്യപേപ്പറാണ് നൽകിയതെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ വിദ്യാർഥി കുറ്റം സമ്മതിച്ചു.

യൂട്യൂബിൽ നിന്നാണ് ഓൺലൈൻ തട്ടിപ്പിൻ്റെ തന്ത്രങ്ങൾ താൻ പഠിച്ചത്. വലിയ വിലയുടെ വസ്ത്രങ്ങളും ഷൂകളും വാങ്ങാനും വിലകൂടിയ റെസ്റ്റോറൻ്റുകളിൽ ഭക്ഷണം കഴിക്കാനുമാണ് തട്ടിപ്പ് നടത്തിയെന്നും കുട്ടി പറഞ്ഞു. വിദ്യാർഥിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും തട്ടിപ്പ് കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പേപ്പർ വിൽക്കാനെന്ന വ്യാജേന വിദ്യാർത്ഥി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും രാജസ്ഥാൻ പൊലീസിൻ്റെ സഹായത്തോടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസ് അന്വേഷിക്കുകയാണെന്നും എസിപി പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: