കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ ഗവ: ഹയർസക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, കേരള പോലീസ് പോൾ – ബ്ലഡിന്റെയും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണത്തോടെ ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് യു.എസ് സുജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. മനോജ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എ. നൗഫൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കൊട്ടറ മോഹനകമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച്. എം. ഡോ. അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ അനീഷ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി. ഗോപകുമാർ നന്ദി രേഖപ്പെടുത്തി.
വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഒത്തുചേർന്നപ്പോൾ രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി. 202 പേരാണ് രക്ത ദാനത്തിനായി എത്തിച്ചേർന്നത്. ജില്ലയിലെ നിലവിലെ ഏറ്റവും മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡിന് അർഹമായ യൂണിറ്റാണിത്.
രക്തദാന ക്യാമ്പിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പുറമെ മുൻവർഷങ്ങളിൽ ക്യാമ്പ് സംഘടപ്പിച്ച പൂർവ വിദ്യാർത്ഥികളും രക്തം ദാനം ചെയ്ത് പങ്കാളികളായത് എൻ എസ് എസിന് അഭിമാനകരമായി.
സമൂഹത്തിനും സ്കൂളിനും മാതൃകയാവുന്ന നിരവധിയായ പ്രവർത്തങ്ങൾ നടത്തിവരികയാണ് കിളിമാനൂരിലെ എച്ച്. എസ് എസിലെ എൻ എസ് എസ് വോളന്റിയേഴ്സ് . ഓണത്തിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകി കൈത്താങ്ങാവുകയും ചെയ്തിരുന്നു.
