മുംബൈ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷങ്ങള്‍ക്കു പിന്നാലെ മുംബൈയിലെ മീരാ റോഡിൽ വർഗീയ സംഘർഷം. അക്രമികൾ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ചു നശിപ്പിക്കുകയാണ്. ജയ് ശ്രീറാം വിളിയോടെ സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. കൂടാതെ മുസ്‌ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്കെതിരെ ഭരണകൂടം കൈയേറ്റം ആരോപിച്ച് ബുൾഡോസർ നടപടി ആരംഭിച്ചിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി മീരാ റോഡിൽ നടന്ന ആഘോഷ പരിപാടികൾക്കിടെയായിരുന്നു അക്രമസംഭവങ്ങൾക്കു തുടക്കമായത്. ആഘോഷത്തിനുനേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം ആരംഭിച്ചത്. ഇതിനു പിന്നാലെ മുസ്്‌ലിം സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെ വ്യാപകമായ അക്രമങ്ങളാണു പ്രദേശത്ത് അരങ്ങേറുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജനുവരി 21നായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠാ റാലി നടന്നത്. റാലി മീരാ റോഡിലെ മുസ്‌ലിം ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതു തടഞ്ഞിരുന്നു. എന്നാൽ, ഇതും മറികടന്നായിരുന്നു ആഘോഷം നടന്നത്. മുസ്‌ലിം വംശഹത്യാ ഭീഷണി മുഴക്കിയും പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തിയുമായിരുന്നു റാലി നടന്നതെന്നു ദൃക്‌സാക്ഷികൾ പറയുന്നു. ബി.ജെ.പി പ്രാദേശിക നേതാവ് നിതേഷ് റാണെ എന്നയാൾ സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ കുറിപ്പുകൾ പോസ്റ്റ് ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്.
മൂന്നു ദിവസമായി തുടരുന്ന അക്രമസംഭവങ്ങളിൽ 28 പേർ അറസ്റ്റിലായിട്ടുണ്ട്. എല്ലാവരും മുസ്‌ലിംകളാണെന്നാണ് റിപ്പോർട്ട്. ഇതിൽ നാല് കൗമാരക്കാരും ഉൾപ്പെടും. അതേസമയം, മുസ്‌ലിം വ്യാപാരസ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് എ.സി.പി ശ്രീകാന്ത് പഥക് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ലെന്ന് ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
