കാഠ്മണ്ഡു: നേപ്പാളിൽ കെ.പി. ശർമ ഒലി (72) നാളെ പ്രധാനമന്ത്രിയായി അധികാരമേൽക്കും. മാവോയിസ്റ്റ് നേതാവായ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ശർമ ഒലിക്ക് വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് വഴിയൊരുങ്ങിയത്. നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) നേതാവ് പ്രധാനമന്ത്രിയാകുക.
സി.പി.എൻ.-യു.എം.എൽ., നേപ്പാളി കോൺഗ്രസ് സഖ്യസർക്കാരിന്റെ പ്രധാനമന്ത്രിയായി ശനിയാഴ്ചയാണ് ഒലിയെ തിരഞ്ഞെടുത്തത്. സി.പി.എൻ.-എം.സി. സർക്കാരിനുള്ള പിന്തുണ ഒലി പിൻവലിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസുമായി സഖ്യമുണ്ടാക്കിയശേഷമായിരുന്നു ഒലിയുടെ നീക്കം. ഇതിനുപിന്നാലെ, വെള്ളിയാഴ്ച പാർലമെന്റിൽ വിശ്വാസവോട്ടുതേടിയ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) പരാജയപ്പെട്ടു.

