മലപ്പുറം: അരീക്കോടിനടുത്തുള്ള കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുടെ പണം കവർന്നതായി പരാതി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മുറിയിൽ നിന്നാണ് പണം മോഷണം പോയത്. 50000 രൂപയാണ് നഷ്ടമായത്. സ്കാനിംഗിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയപ്പോൾ പണവും മറ്റ് സാധനങ്ങളുമെല്ലാം രോഗി കഴിഞ്ഞിരുന്ന മുറിയിൽ വെച്ചിരുന്നു. എന്നാൽ തിരികെയെത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം മനസിലായത്. മോഷ്ടാവെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പോകുമ്പോൾ അടയ്ക്കാനായി വെച്ചിരുന്ന പണമാണ് മോഷ്ടാവ് കവർന്നതെന്ന് രോഗിയുടെ ബന്ധുക്കൾ പറഞ്ഞു.
