മാട്രിമോണിയിൽ പരസ്യം നൽകിയിട്ട് വിവാഹം നടന്നില്ലെന്ന് യുവാവിന്റെ പരാതി;നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ


കൊച്ചി : ആകർഷകമായ പരസ്യത്തിൽ വിവാഹം ഉറപ്പുനൽകിയ മാട്രിമോണി സൈറ്റിൽ പണം നൽകി രജിസ്റ്റർ ചെയ്തിട്ടും വിവാഹം നടക്കാത്ത യുവാവിന് മാട്രിമോണി സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ചേർത്തല സ്വദേശിയായ യുവാവ് എറണാകുളത്തെ കേരള മാട്രിമോണി എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. കേരള മാട്രിമോണി വെബ്‌സൈറ്റിൽ 2018 ഡിസംബറിലാണ് യുവാവ് ഫ്രീയായി പ്രൊഫൈൽ രജിസ്റ്റർ ചെയ്തത്. ഇതിനുശേഷം വെബ്സൈറ്റിന്റെ ഓഫീസിൽ നിന്ന് പലതവണ ബന്ധപ്പെട്ടു. പണം നൽകിയാലേ പെൺകുട്ടികളുടെ വിവരങ്ങൾ നൽകുകയുള്ളൂ എന്നും രജിസ്റ്റർ ചെയ്താൽ വിവാഹം നടത്തുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്തു നൽകാമെന്നും വാഗ്ദാനം നൽകി 4,100 രൂപ ഫീസായി ഈടാക്കുകയായിരുന്നു
എന്നാൽ പണം നൽകിയതിനു ശേഷം ഫോൺ കോളുകൾക്ക് മറുപടിയില്ലാതായി. ഓഫീസിൽ പോയി കാര്യം പറഞ്ഞിട്ടും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് യുവാവ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

2019 ജനുവരി മുതൽ മൂന്നു മാസത്തേക്ക് 4100 രൂപയ്ക്ക് ക്ലാസിക് പാക്കേജിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇടനിലക്കാർ മാത്രമാണ് തങ്ങൾ എന്നും സേവന കാലയളവിൽ വിവാഹം ഉറപ്പുനൽകിയിരുന്നില്ലെന്നും കേരള മാട്രിമോണി കോടതിയിൽ വ്യക്തമാക്കി. എന്നാൽ വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി.

രജിസ്ട്രേഷൻ ഇനത്തിൽ ചിലവായ 4100 രൂപ പരാതിക്കാരന് എതിർകക്ഷി തിരിച്ചു കൊടുക്കണം. കൂടാതെ 28,000 രൂപ നഷ്ടപരിഹാരമായും നൽകണം. ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: