കൊച്ചി: സ്‌കൂളില്‍ അച്ചടക്കമുറപ്പാക്കാന്‍ അധ്യാപകര്‍ കൈയില്‍ ചൂരല്‍ കരുതട്ടെയെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ആറാംക്ലാസുകാരനെ ചൂരല്‍കൊണ്ട് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അധ്യാപകന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്.
ചൂരല്‍ പ്രയോഗിക്കാതെ വെറുതേ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് കകോടതി ചൂണ്ടിക്കാട്ടി. അധ്യാപകരെ തടഞ്ഞുവെച്ചതിന്റെയും മര്‍ദിച്ചതിന്റെയും വാര്‍ത്തകളാണ് വരുന്നത്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. അധ്യാപകര്‍ നുള്ളിയെന്നും അടിച്ചെന്നും തുറിച്ചുനോക്കിയെന്നുമൊക്കെയുള്ള പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വരാം. അങ്ങനെയുള്ളപ്പോഴൊക്കെ പ്രാഥമികാന്വേഷണം നടത്തണം. ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കാം. പ്രാഥമികാന്വേഷണഘട്ടത്തില്‍ അറസ്റ്റുചെയ്യരുത്. ഇക്കാര്യം നിര്‍ദേശിച്ച് പോലീസ് മേധാവി ഒരുമാസത്തിനുള്ളില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി പറഞ്ഞു.
